‘ശരീരം പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്നവർക്ക് നാളെ പട്ടിയുടെ വില പോലും ഉണ്ടാവില്ല’…….. ബിഗ് ബോസ് താരം രജിത് കുമാർ

സോഷ്യൽ മീഡിയയിലെ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റുകളിലൂടെയും ശരീരപ്രദർശനത്തിലൂടെയും പണം സമ്പാദിക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി ബിഗ് ബോസ് താരം രജിത് കുമാർ. പുതുതലമുറയിലെ കുട്ടികൾ പഠനത്തിൽ താല്പര്യമില്ലാതെ ഇത്തരം ‘ഉഡായിപ്പുകളിലൂടെ’ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർക്ക് നേരായ രീതിയിലുള്ള കുടുംബജീവിതം ഉണ്ടാകില്ലെന്നും ഇതിൽ പലരും വിവാഹമോചിതരാണെന്നും രജിത് കുമാർ ആരോപിച്ചു. ചിലയിടങ്ങളിൽ ഭർത്താക്കന്മാർ തന്നെ ഇതിന് ക്യാമറ പിടിച്ചു കൊടുക്കുന്നത് കാണാറുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന് കേൾക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിലുള്ള താല്പര്യം നശിക്കുന്നു. സിനിമയിലോ സീരിയലിലോ കഥാപാത്രത്തിന് വേണ്ടി ചെയ്യുന്ന പ്രകടനങ്ങൾക്ക് അന്തസ്സുണ്ട്, എന്നാൽ ഇത് മ്ലേച്ഛമായ രീതിയിലുള്ള ശരീരപ്രദർശനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരത്തിൽ പണമുണ്ടാക്കുന്നവർക്ക് മക്കളുണ്ടെങ്കിൽ, കൂടെ പഠിക്കുന്ന കുട്ടികൾ അവരെ ഏത് കണ്ണിലൂടെയാണ് കാണുക എന്ന് ചിന്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്തസ്സില്ലാത്ത രീതിയിൽ സമ്പാദിക്കുന്ന ഈ പണം നാളെ മാരകമായ രോഗങ്ങൾ ചികിത്സിക്കാൻ വേണ്ടി മാറ്റിവെക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യാദവകുലം നശിച്ചപ്പോൾ ശ്രീകൃഷ്ണൻ മൗനം പാലിച്ചത് പോലെ താൻ ഇപ്പോൾ പ്രതികരിക്കാതിരിക്കുകയായിരുന്നുവെന്നും എന്നാൽ വേണ്ടാത്ത കാര്യങ്ങൾ കൂടിവരുന്നതിനാലാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button