യാത്രകളെ സ്നേഹിച്ചിരുന്നവർ യാത്രയായി…..
മാവേലിക്കര: പുല്ലുപാറ ബസ് അപകടത്തില്‍ മരിച്ച നാലു പേരില്‍ രണ്ടു പേരുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു. മറ്റംവടക്ക് കാര്‍ത്തികയില്‍ അരുണ്‍ ഹരിയുടെ (37) സംസ്‌കാരം രണ്ടിനും പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതില്‍ രമാമോഹൻ്റേത് (62) മൂന്നിനും വീട്ടുവളപ്പില്‍ നടന്നു. ഇതോടെ നാലുപേരുടെയും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
യാത്രകളെ ഏറെ സ്‌നേഹിച്ചവരുടെ അന്ത്യയാത്രയ്ക്ക് നാട് കണ്ണീരോടെയാണ് വിടചൊല്ലിയത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ വന്‍ ജനാവലി ഇരുവീടുകളും എത്തി പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ ഇരുവീടുകളിലും മോർച്ചറികളിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എത്തിച്ചിരുന്നു.
അരുണ്‍ഹരിയുടെ മൃതദേഹത്തിനരികെ, ഇതേ അപകടത്തില്‍ പരിക്കേറ്റ അമ്മയെ സ്‌ട്രെച്ചറില്‍ എത്തിച്ചത് സങ്കടക്കാഴ്ചയായിരുന്നു. ഒന്നരമണിക്കൂറിന് ശേഷം അമ്മയെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടു പോയതിനു ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. അരുണിന്റെ മാതൃസഹോദരി പുത്രന്‍ ജ്യോതിഷ് അന്ത്യകര്‍മങ്ങള്‍ ചെയ്തു.
രമാമോഹന്റെ അന്ത്യകര്‍മങ്ങള്‍ മക്കള്‍ മനുവും രേശ്മയും ചെയ്തു. ചിതയിലേക്ക് എടുക്കുന്നതിന് മുമ്പ് രമാമോഹന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് ഭര്‍ത്താവ് മോഹനന്‍നായരും മക്കളും പൊട്ടികരഞ്ഞത് കണ്ടുനിന്നവരുടേയും കണ്ണുകളെ ഈറനണിയിച്ചു. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മോഹനന്‍നായര്‍ പരിക്കുകളോടെ രക്ഷപെട്ടിരുന്നു. എന്നും കൂടെയുണ്ടായിരുന്ന പ്രീയതമയുടെ മരണം മോഹനന്‍നായർക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
അപകടത്തില്‍ മരിച്ച മാവേലിക്കര മറ്റം തെക്ക് സോമസദനത്തില്‍ സംഗീത് സോമന്‍ (43), കൊറ്റാര്‍കാവ് കൗസ്തുഭം ബിന്ദു നാരായണന്‍ (59) എന്നിവരുടെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നിരുന്നു.