‘കണ്ടാലറിയാത്തവർ കൊണ്ടാലറിയും’…. സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷവിമർശനവുമായി ജനയുഗം

കൊച്ചി: ബിജെപിയെ അനുകൂലിച്ച ക്രൈസ്തവ സഭകളുടെ മുൻനിലപാടുകളെയും ബിജെപി അനുകൂല നേതാക്കളെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ‘ജനയുഗം’. “ബിജെപിയിലല്ല രക്ഷയെന്ന് ബോധ്യമായത് സ്വാഗതാർഹം” എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് സഭാധ്യക്ഷന്മാർക്കെതിരെയും പി.സി ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെയും കുറ്റപ്പെടുത്തലുകളുള്ളത്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തുന്ന ന്യൂനപക്ഷ വേട്ടകൾ കൺമുന്നിൽ കണ്ടിട്ടും ബിജെപിയെ അനുകൂലിക്കാൻ സഭാ അധ്യക്ഷന്മാർക്ക് മടിയുണ്ടായില്ലെന്ന് എഡിറ്റോറിയൽ പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടത് ‘കണ്ടാലറിയാത്തവർ കൊണ്ടാലറിയും’ എന്ന അവസ്ഥയാണെന്നും പത്രം പരിഹസിക്കുന്നു.

മോദിയാണ് രക്ഷകനെന്ന വാഴ്ത്തുപാട്ടുകൾ അവസാനിക്കാൻ അധികകാലം വേണ്ടിവരില്ലെന്ന് ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു. തിരിച്ചറിവ് ഉണ്ടാകാൻ വൈകിയെങ്കിലും അത് സ്വാഗതാർഹമാണ്. കേരളത്തിലെ ക്രിസ്ത്യാനികളെ ബിജെപി പാളയത്തിലെത്തിക്കാമെന്ന് വാക്ക് നൽകി പി.സി ജോർജും ഷോൺ ജോർജും നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് പ്രതീക്ഷയില്ലെന്ന് വ്യക്തമായതാണ് ഇരുവരുടെയും ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. വിദേശ ഫണ്ട് നിയന്ത്രണ നിയമമായ എഫ്സിആർഎ വന്നതോടെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച മെത്രാന്മാർ അങ്കലാപ്പിലായെന്നും ജനയുഗം ആരോപിക്കുന്നു.

വടക്കേ ഇന്ത്യയിൽ വിജയിച്ച രാഷ്ട്രീയ നാടകങ്ങൾ കേരളത്തിൽ വിലപ്പോകാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷ സാന്നിധ്യം ഉള്ളതുകൊണ്ടാണെന്ന് എഡിറ്റോറിയൽ സമർത്ഥിക്കുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തിയ സാമുദായിക പ്രീണനം പരാജയപ്പെട്ടുവെന്നും ലേഖനം വ്യക്തമാക്കുന്നു.

Related Articles

Back to top button