തൊണ്ടിമുതൽ തിരിമറി കേസ്; ആന്‍റണി രാജുവിന് അർഹമായ ശിക്ഷ ലഭിച്ചില്ല, മേൽക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന്‍. ആന്റണി രാജുവിന് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്നും,  കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. IPC 409 പ്രകാരമുള്ള ശിക്ഷ ആന്റണി രാജുവിന് നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി രാജു ചെയ്തതെന്നും കേസ് മേല്‍ക്കോടതിക്ക് കൈമാറാത്തത് ഉയര്‍ത്തിക്കാട്ടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. 

വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം പുറത്തുവന്നതിന് പിന്നാലെ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അടിയന്തരമായി കേസില്‍ അപ്പീല്‍ പോകേണ്ട സാഹചര്യമുണ്ട് എന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട നിർദ്ദേശം . നിയമവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. കൂടാതെ കേസിലെ ഒന്ന് രണ്ട് പ്രതികള്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമായതിനാല്‍ കേസ് അതീവ ഗുരുതരമാണെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

 അതേസമയം കേസില്‍ തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ ആന്റണി രാജു ഇന്ന് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിക്കും മുന്‍പ് രാജിവെച്ച് ഒഴിയാനാണ് തീരുമാനം. സര്‍ക്കാരിനും ആന്റണി രാജുവിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം അയോഗ്യമായിരുന്നു.

Related Articles

Back to top button