കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പർ ഇതാണ്! 46.24 ലക്ഷം രൂപ.. ഈ നമ്പർ സ്വന്തമാക്കാനും ഒരു കാരണമുണ്ട്..

ഒരു വാ​ഹന നമ്പർ സ്വന്തമാക്കണമെങ്കിൽ എന്ത് ചിലവ് വരും. ഇന്നലെ വരെ കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പരിന്റെ വില 31 ലക്ഷം രൂപയായിരുന്നു. എന്നാൽ, ആ തുക ഇനി പഴംകഥ. ഇന്നലെ എറണാകുളം ജില്ലയിൽ നടന്ന ഫാൻസി നമ്പർ ലേലത്തിൽ ഒരു വാഹന നമ്പർ വിറ്റുപോയത് 46.24 ലക്ഷം രൂപയ്‌ക്കാണ്! കെ.എൽ. 07 ഡി.ജി 0007 എന്ന നമ്പരാണ് വൻ വില കൊടുത്ത് വേണു​ഗോപാലകൃഷ്ണൻ എന്നയാൾ സ്വന്തമാക്കിയത്.

ഈ ഫാൻസി നമ്പർ ലക്ഷങ്ങൾ കൊടുത്ത് വേണുഗോപാലകൃഷ്ണൻ സ്വന്തമാക്കാൻ ഒരു കാരണമുണ്ട്. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്പനിയുടെ ഉടമയാണ് ഇദ്ദേഹം. സ്വന്തം കമ്പനിയുടെ പേര് തന്നെ വാഹ​ന നമ്പരായി ലഭിക്കാനായാണ് ലക്ഷങ്ങൾ ചിലവാക്കിയത്. കൊച്ചി കേന്ദ്രമായുള്ള ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത് ഇൻഫോപാർക്കി​ലെ ലുലു ടവറി​ലാണ്.

പരിവാഹൻ സൈറ്റിലെ ഓൺലൈൻ ലേലം രാവിലെ 10.30ന് അവസാനിച്ചപ്പോൾ 46.24 ലക്ഷം രൂപയ്‌ക്കാണ് വേണു ​ഗോപാലകൃഷ്ണൻ ഈ നമ്പർ സ്വന്തമാക്കിയത്. കമ്പനി​യുടെ ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയാണ് ഫാൻസി നമ്പർ. നാലു കോടി രൂപയിലേറെയാണ് ഈ വാഹനത്തിന്റെ വില.

ഈ നമ്പറി​നായുള്ള ലേലത്തിൽ മത്സരിക്കാൻ 25000 രൂപയടച്ച് അഞ്ച് പേർ രംഗത്തുണ്ടായിരുന്നു.കേരളത്തിൽ മുമ്പ് ഏറ്റവും ഉയർന്ന തുകയുടെ നമ്പർ ലേലം 2019ലായിരുന്നു. കെ.എൽ 01 സി.കെ. 0001 എന്ന നമ്പർ 31 ലക്ഷം രൂപയ്‌ക്കാണ് അന്ന് ലേലത്തിൽ പോയത്. ഇന്നലെ എറണാകുളം ആർ.ടിഒയ്ക്ക് കീഴിലുള്ള കെ.എൽ 07 ഡിജി 0001 എന്ന നമ്പർ 25.52 ലക്ഷം രൂപയ്‌ക്ക് പിറവം സ്വദേശി തോംസൺ സാബു സ്വന്തമാക്കി. ഈ ലേലത്തിൽ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടിയിരുന്നത്. 07 ഡി.ജി 0007 ഫാൻസി നമ്പരിന്റെ ലേലത്തിലും തോംസൺ പങ്കെ‌ടുത്തിരുന്നു. ഫാൻസി നമ്പരുകൾ സ്വന്തമാക്കിയവർ അഞ്ച് ദിവസത്തിനകം ബാക്കി തുക ഒടുക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

Related Articles

Back to top button