പ്രവേശനോത്സവ ചരിത്രത്തിൽ ഇത് ആദ്യമായി… പത്താം ക്ലാസുകാരിക്ക് വിശിഷ്ട അതിഥിയായി പങ്കെടുക്കുൻ ക്ഷണം…
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് ഈ അധ്യയനവർഷത്തെ പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തിരിക്കുന്നത്. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായതായും മന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തും മന്ത്രി ഭദ്രാ ഹരിക്ക് കൈമാറി.
പരിപാടിയിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്.എം.സി ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി ഭവനസന്ദർശനം നടത്തി കലവൂർ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ചുവരികയാണ്. സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആർട്ട് അക്കാദമിയുടേയും നേതൃത്വത്തിൽ കലവൂരിൽ സ്ട്രീറ്റ് ആർട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്‌കൂൾ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്.