‘ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല’.. ഇത് കേരളം നൽകുന്ന ഉറപ്പ്

കേരളത്തിൽ ആരും അന്യരാവില്ലെന്നും നേറ്റിവിറ്റി കാർഡ് നടപ്പിൽ വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിൻറെ ഉറച്ച നിലപാടിൻറെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൻറെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026 എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരാൾ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിൻറെ മാതൃകയിൽ ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നൽകുന്നതിനും, അത് കേരള സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.
സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിലവിൽ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാർഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ വ്യക്തികൾക്കു ലഭിക്കും. ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നൽകുന്ന ഉറപ്പാണ്. പുറന്തള്ളലിൻറെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിൻറെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.



