ഈ തിരഞ്ഞെടുപ്പ് അവസാനത്തേതല്ല, ജനങ്ങൾ ബുദ്ധിയുള്ളവരാണ്…. സിബിസിഐ

വിദേശ ഫണ്ട് വിനിയോഗം നിയന്ത്രിക്കാനുള്ള എഫ്‌സിആർഎ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സിബിസിഐ. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ചതെന്ന ബോധ്യം സഭയ്ക്കുണ്ടെന്നും ഈ തിരഞ്ഞെടുപ്പ് അവസാനത്തേതല്ലെന്ന് ഓർക്കണമെന്നും സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ് വ്യക്തമാക്കി.

എഫ്‌സിആർഎ ഭേദഗതി ബിൽ താൽക്കാലികമായി മാത്രമാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ സഭയ്ക്ക് വലിയ ആശങ്കയുണ്ട്. ജനങ്ങൾ ബുദ്ധിയുള്ളവരാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സഭ മുന്നറിയിപ്പ് നൽകി. ബില്ലിലെ വിവാദ വ്യവസ്ഥകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിട്ട് കണ്ട് ആശങ്കയറിയിക്കും.

രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ തളർത്തുന്ന രീതിയിൽ വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഇത് സാമൂഹിക സേവന രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ഇന്നലെ ലോക്‌സഭയിൽ ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ചത്. എന്നാൽ ഇത് തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നാണ് സഭയുടെ വിലയിരുത്തൽ. ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ ബുദ്ധിപൂർവ്വം വോട്ട് ചെയ്യണമെന്നും സഭാ വക്താവ് കൂട്ടിച്ചേർത്തു.

Related Articles

Back to top button