കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരത്ത്….

തിരുവനന്തപുരം: കേരളത്തിൽ തീർപ്പുകൽപ്പിക്കാത്ത പോക്സോ കേസുകൾ ഏറ്റവും അധികമുള്ളത് തിരുവനന്തപുരത്ത്. ഈ വർഷം ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം 1370 കേസുകളാണ് കെട്ടിക്കിടക്കുന്നത്. രണ്ടാമതുള്ള എറണാകുളത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. എറണാകുളത്ത് 704 കേസുകളാണ് തീർപ്പുകാത്തിരിക്കുന്നത്. പത്തനംതിട്ടയും (131) കാസർകോടുമാണ് (232) ഏറ്റവും കുറവ് കേസുകളുള്ളത്.
കേരളത്തിലാകെ 6522 പോക്സോ കേസുകളുടെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും ബലാത്സംഗ കേസുകളിലും നീതി വേഗത്തിൽ ഉറപ്പാക്കാൻ സംസ്ഥാനത്താകെ 56 ഫാസ്റ്റ് ട്രാക്ക് കോടതികളുണ്ട്. അതിൽ 14 എണ്ണം പോക്സോ കേസുകൾക്ക് മാത്രമാണ്. തിരുവനന്തപുരത്ത് നഗരത്തിലും നെയ്യാറ്റിൻകരയിലും ആറ്റിങ്ങലും വർക്കലയിലും നെടുമങ്ങാടും കാട്ടാക്കടയും പോക്സോ കോടതികളുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അഡിഷണൽ ഡിസ്ട്രിക്റ്റ്, സെഷൻസ് കോടതികളിലും മറ്റ് ജില്ലകളിലെ ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്റ്റ്, സെഷൻസ് കോടതികളിലും പോക്സോ കേസുകൾ പരിഗണിക്കാൻ സംവിധാനമുണ്ട്.



