പരാതി കിട്ടി.. വേണമെങ്കിൽ കണ്ണടയ്ക്കാമെന്ന് കോർപ്പറേഷൻ ഓവർസിയർ..പ്രതിഫലമായി ചോദിച്ചത്… ഒടുവിൽ..

കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസിനെയാണ് പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഉദ്യോഗസ്ഥർ ഇന്നലെ പിടികൂടിയത്. പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്‍റെ വിദേശത്തുള്ള മരുമകൻ പണികഴിപ്പിക്കുന്ന അപ്പാർട്ട്മെന്‍റിന്‍റെ കെട്ടിട നമ്പർ ലഭിക്കുന്നതിന് കംപ്ലീഷൻ പ്ലാനും രേഖകളും തിരുവല്ലം സോണൽ ഓഫീസിൽ സമർപ്പിച്ചിരുന്നു

പത്രോസ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സ്ഥല പരിശോധന നടത്തിയശേഷം അപ്പാർട്ട്മെന്‍റിന് പുറത്ത് ശൗചാലയം പണിയണമെന്ന് നിർദ്ദേശം നൽകി. പിന്നീട്  ശൗചാലയം പണികഴിപ്പിച്ച ശേഷം പരാതിക്കാരൻ ഓവർസിയറെ പല പ്രാവശ്യം അറിയിച്ചിട്ടും പരിശോധനയ്ക്ക് എത്തിയില്ല. തുടർന്ന് ബുധനാഴ്ച തിരുവല്ലം സോണൽ ഓഫീസിൽ പോയി നേരിൽ കണ്ടതോടെ, ഓവർസിയർ പരാതിക്കാരനോടൊപ്പം സ്ഥലപരിശോധനയ്ക്കെത്തി

എന്നാൽ, കെട്ടിട നിർമ്മാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഓവർസീയർ പരാതിയിൽ ഇതുവരെ താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും താൻ കണ്ണടച്ചാൽ മാത്രമേ കെട്ടിട നമ്പർ ലഭിക്കുകയുള്ളുവെന്നും പറഞ്ഞ ശേഷം 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച പരാതിക്കാരൻ വീണ്ടും  ഓവർസിയറെ ഫോണിൽ വിളിച്ചപ്പോൾ ഇന്നലെ പണവുമായി ഓഫീസിൽ വന്ന് കാണാൻ ആവശ്യപ്പെട്ടു

ഇതോടെ കൈക്കൂലി നൽകി കാര്യം സാധിക്കുന്നതിന് താത്പര്യമില്ലാതിരുന്ന പരാതിക്കാരൻ തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് നിർദേശം അനുസരിച്ച് ഓഫീസിലെത്തിയ പരാതിക്കാരനിൽ നിന്നും  കൈക്കൂലി വാങ്ങുന്നതിനിടെ  കൈയ്യോടെ പിടികൂടുകയായിരുന്നു

Related Articles

Back to top button