ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം….വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു..

നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലുള്ള വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ചിറ്റൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തത്തമംഗലം ജിയുപി സ്‌കൂളിലെ ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ പ്രധാനധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.

പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് ക്രിസ്മസ് പുല്‍ക്കൂട് തകര്‍ത്തത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ത്തതായി കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

Related Articles

Back to top button