ലൈഫ് ഗാർഡുമാരുടെ പണിമുടക്ക്; ഈ രണ്ട് ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം

രണ്ട് ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വിനോദസഞ്ചാര വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ബീച്ചുകളിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡ് ജീവനക്കാർ 24, 25 തീയതികളിൽ പണിമുടക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.-
ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സർവീസിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇതോടെ നിരവധി ബീച്ചുകളിൽ ലൈഫ് ഗാർഡ് സേവനം ലഭ്യമാകാത്ത സാഹചര്യം രൂപപ്പെട്ടു.
ലൈഫ് ഗാർഡുമാരുടെ അഭാവം മൂലം അപകട സാധ്യത വർധിക്കുമെന്ന് വിലയിരുത്തലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങുന്നത് കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചതായി തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട ബീച്ച് പ്രദേശത്തെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചുമതലയുള്ള ഹൗസ് ഓഫീസർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന നിർദേശവും നൽകിയിട്ടുണ്ട്.
നിലവിൽ കോവളം ബീച്ച്, ശംഖുമുഖം ബീച്ച്, ആഴിമല തീരം എന്നിവിടങ്ങളിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും കടലിൽ കുളിക്കാനാണ് ബീച്ചുകളിൽ എത്തുന്നത്.
ഈ സാഹചര്യത്തിൽ വിദേശികളടക്കം എല്ലാ വിനോദസഞ്ചാരികളും കടലിൽ ഇറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം, പൊലീസ് നിർദേശങ്ങൾ കർശനമായി അനുസരിക്കണം എന്നും ജില്ലാ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.



