തിരുവനന്തപുരത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ തേനീച്ച ആക്രമണം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ തേനീച്ച ആക്രമണം. 4 പൊലീസുകാരടക്കം 7 പേർക്ക് പരിക്കേറ്റു. ഓഫീസിന് മുന്നിൽ പാറാവ് ജോലിയിലുണ്ടായിരുന്ന പൊലീസുകാരനടക്കമാണ് പരിക്കേറ്റത്. പേരൂർക്കട എസ്.എ.പി ക്യാമ്പിന് അടുത്തുള്ള എ.ഡി.ജി.പി ക്രമസമാധാന വിഭാഗത്തിന്റെ ഓഫീസിലാണ് സംഭവം. ഓഫീസിന് മുകളിൽ കെട്ടിടത്തിൻ്റെ പുറംചുവരിൽ ഒരു വലിയ തേനീച്ചക്കൂട് ഉണ്ടായിരുന്നു. കുറച്ച് കാലം മുമ്പ് ഇതേ സ്ഥലത്തുണ്ടായിരുന്ന ഭീമൻ തേനീച്ചക്കൂട് ആദിവാസി വിഭാഗക്കാരായ ആളുകളെ എത്തിച്ച് നീക്കം ചെയ്‌തിരുന്നു.

എന്നാൽ തേനീച്ചകൾ വീണ്ടും ഇവിടെ തന്നെ കൂടുണ്ടാക്കി. പിന്നീട് ഈ കൂട് വലുതായി വന്നെങ്കിലും പൊലീസുകാർ അതിനെ ഗൗരവത്തോടെ കണ്ടില്ല. ഇന്ന് വൈകിട്ട് കൂടിളകി വന്ന തേനീച്ചകൾ പൊലീസുകാരെയും ഓഫീസിന് മുന്നിലൂടെ പോയ സ്ത്രീ അടക്കമുള്ളവരെയും കുത്തുകയായിരുന്നു. ഏഴ് പേരെയാണ് ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കൂടുതൽ പേർക്ക് കുത്തേറ്റില്ലെന്നാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. അതേസമയം ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ തന്നെ തേനീച്ചക്കൂട് ഇവിടെ നിന്ന് നീക്കം ചെയ്യാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി. ഇതിനായി വൈദഗ്ധ്യമുള്ള ആദിവാസി വിഭാഗക്കാരെ എത്തിക്കാനും എഡിജിപി വെങ്കിടേഷ് നിർദേശം നൽകിയതായാണ് വിവരം.

Related Articles

Back to top button