പനമരം ബിവറേജസിൽ മോഷണം തുടർക്കഥയാകുന്നു, മോഷ്ടാക്കൾ അകത്തുകയറിയത് വെന്റിലേഷൻ കുത്തിപ്പൊളിച്ച്

പനമരം ബിവറേജസ് ഔട്‌ലെറ്റിൽ മോഷണം തുടർക്കഥയാകുന്നു. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മൂന്നാം തവണയാണ് പനമരം ബിവറേജസിൽ മോഷണം നടക്കുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ ഒരു തുമ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല. ബിവറേജസിനു പിറകുവശത്ത് ജനറേറ്റർ വച്ചിരുന്ന മുറിയുടെ വെന്റിലേഷൻ തകർത്താണ് കള്ളൻ അകത്ത് കടന്നത്. മുഖം മൂടി ധരിച്ചാണ് ഇത്തവണയും കേറിയത്.

31ന് പൂട്ടിയ ഷോപ്പ് ഒന്നാം തീയതിയിലെ അവധിക്ക് ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഷോപ്പിൽ നിന്നും പണം നഷ്‌ടപ്പെട്ടിട്ടില്ല. എന്നാൽ, വിദേശ മദ്യക്കുപ്പികൾ മോഷണം പോയതായി സംശയമുണ്ട്. സ്‌റ്റോക്കിലുണ്ടായിരുന്ന മദ്യക്കുപ്പികളുടെ കണക്കെടുത്തതിന് ശേഷമേ അക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ.

എക്‌സൈസ്, ഫോറൻസിക് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർക്കാനും ജനലുകളുടെ ഗ്ലാസ് തകർക്കാനും മോഷ്‌ടാക്കൾ ശ്രമം നടത്തിയിരുന്നു. ഇത് നടക്കാതെ വന്നതോടെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് മോഷ്‌ടാക്കൾ അകത്ത് കയറിയതെന്ന് ഷോപ്പ് അസിസ്‌റ്റന്റ് മാനേജർ വി കെ സജി പറഞ്ഞു.

മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പനമരം പൊലീസ്. 2025 ജനുവരി 20ന് നടന്ന മോഷണത്തിൽ മദ്യക്കുപ്പികൾക്കു പുറമെ പണവും നഷ്‌ടപ്പെട്ടിരുന്നു. കർണാടക സ്വദേശിയായ മോഷ്‌ടാവിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലത്ത് ബിവറജസ് ഔട്‍ലെറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചു. കുന്നിക്കോട് പനമ്പറ്റയിൽ പ്രവർത്തിക്കുന്ന ബെവ്കോ ഷോപ്പിൽ നിന്നുമാണ് 22 കുപ്പി മദ്യം കവർന്നത്. ജനുവരി20 നാണ് മോഷണം നടന്നത്. സ്റ്റോക്ക് പരിശോധനയിൽ കുപ്പികളുടെ കുറവ് കണ്ടത്തിയതിനെ തുടർന്ന് 22നാണ് ഔട്ട്ലെറ്റ് മാനേജർ കുന്നിക്കോട് പോലീസിൽ പരാതി നൽകിയത്.

പിൻഭാഗത്തെ ഷീറ്റ് ഇളക്കി ഉള്ളിൽ കടന്നാണ് മോഷണം എന്നാണ് മനസ്സിലാകുന്നത്. പതിനെട്ടായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. ഷോപ്പിലെ സി സി ടി വിയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റിൽ മോഷണം തുടർക്കഥയാകുമ്പോഴും സെക്യൂരിറ്റിയെ നിയമിക്കാത്തതെന്തെന്ന ചോദ്യവും ഉയരുകയാണ്. സി സി ടി വിയിൽ നിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടില്ലന്നാണ് വിവരം. സംഭവത്തിൽ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button