എന്റെ കൺമുന്നിൽ അവർ അച്ഛനെ വെടിവെച്ചു…മക്കൾ കരഞ്ഞത് കൊണ്ടാകാം എന്നെ വെറുതെ വിട്ടത്…

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് ആരതി മാധ്യമങ്ങളോട് പറഞ്ഞു. മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്നും ആരതിയുടെ വാക്കുകൾ. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു.  ”അവിടെ നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. പെട്ടെന്ന് ഗൺഷോട്ടാണോന്ന് പോലും വ്യക്തമല്ലാത്ത ഒരു ഒച്ച കേട്ടു. അടുത്തതായി ഒരു ശബ്ദം കൂടി കേട്ടപ്പോൾ  വെടിവെയ്ക്കുന്നത് ഞാൻ കണ്ടു. ഭീകരാക്രമണമാണെന്ന് അപ്പോൾ മനസിലായി. അച്ഛനും മക്കളും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ എല്ലാവരെയും നിലത്തേക്ക് കിടത്തി. ഞങ്ങൾ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ചുറ്റും കാടാണ്. പലരും പല ഡയറക്ഷനിലേക്കാണ് ഓടുന്നത്. പെട്ടെന്ന് ടെററിസ്റ്റുകളിലൊരാൾ പുറത്തേക്ക് വന്നു. ഓടുന്ന ആൾക്കാരുടെ അടുത്തേക്ക് വന്നിട്ട് കിടക്കാൻ പറഞ്ഞു. ഓരോരുത്തരോടും എന്തോ ചോദിക്കുന്നു, ഷൂട്ട് ചെയ്യുന്നു. അങ്ങനെ എന്റെയും അച്ഛന്റെയും അടുത്തേക്ക് വന്നു. അവര്‍ ഒരൊറ്റ വാക്കേ ചോദിക്കുന്നുള്ളൂ. കലിമ എന്ന് മാത്രം. മനസിലായില്ലെന്ന് ഹിന്ദിയിൽ മറുപടി പറഞ്ഞു. അഞ്ച് നിമിഷത്തിനുള്ളിൽ അച്ഛനെ അവരെന്റെ മുന്നിൽ വെച്ച് ഷൂട്ട് ചെയ്തു. എന്റെ മക്കളാണ് എന്റെ കൂടെയുണ്ടായിരുന്നത്. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. പിന്നെ എന്റെയുള്ളിലെ അമ്മയായിരുന്നു. അച്ഛനെ രക്ഷിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായി. അച്ഛൻ തത്ക്ഷണം മരിച്ചെന്ന് ഉറപ്പായി. ഞാനെന്റെ മക്കളെയും ആ കാട്ടിലൂടെ ഏതൊക്കെയോ വഴിയിലൂടെ ഓടി. തുടർന്ന് പലയിടത്ത് വന്ന ആളുകളെല്ലാം കൂടി ഒരു ഗ്രൂപ്പായി. മുക്കാൽ മണിക്കൂറോളം നടന്നിട്ടാണ് മൊബൈലിന് റേഞ്ച് കിട്ടിയത്. പിന്നീട് അവിടെയുള്ള എന്റെ ഡ്രൈവർ മുസാഫിറിനെ വിളിച്ചു. അദ്ദേഹമാണ് മറ്റുള്ളവരെ അറിയിച്ചത്. പിന്നീട് സൈന്യമെത്തി മുകളിലേക്ക് കയറിപ്പോകുന്നത് കണ്ടു.  ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവര്‍ എന്റെ തലയിലൊന്ന് കുത്തി. അത് വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. എന്റെ മക്കൾ കരഞ്ഞത് കൊണ്ട് എന്നെ വിട്ടിട്ടു പോയതാകാം. എന്റെ അടുത്ത് വന്നത് പൊലീസ് യൂണിഫോമിലൊന്നുമല്ലായിരുന്നു. എന്റെ കൂടെയുണ്ടായിരുന്നത് മുസാഫിർ, സമീർ എന്നീ രണ്ട് ഡ്രൈവർമാരായിരുന്നു. അവർ കശ്മീരികളാണ്. എന്റെ അനിയനെയും ചേട്ടനെയും പോലയാണ് അവർ കൂടെ നിന്നത്. രാത്രി 3 മണിവരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു. ഐഡന്റിഫിക്കേഷനും മോർച്ചറിയിലേക്ക് കൊണ്ടുപോകാനും ഒക്കെ അവർ എന്റെ കൂടെയുണ്ടായിരുന്നു. എന്നെ അനിയത്തിയെ പോലെയാണ് അവർ കൊണ്ടുനടന്നത്.

Related Articles

Back to top button