കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുടമ വന്നു നോക്കി, കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്ന ദമ്പതികളെ

കോട്ടയം പൊൻകുന്നത്ത് വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ ആയിരുന്നു സംഭവം. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഇവർക്ക് മൂന്നു വയസുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. ഈ കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുടമ വന്നു നോക്കുമ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിക്ക് പ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ച മുമ്പാണ് ദമ്പതികൾ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തുന്നത്.
രാവിലെ കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുടമ വന്നു നോക്കുമ്പോൾ വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. തുടർന്ന് വീട്ടുടമ ഇവരെ ഇവിടേക്ക് എത്തിച്ച ആളെ ഫോണിൽ വിളിക്കുകയും അയാളെത്തി ഇരുവരും ചേർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറക്കുകയും ചെയ്തപ്പോഴാണ് ഹാളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു ഇരുവരും കിടന്നിരുന്നത്. ഇവർ ഇവിടെ താമസിക്കാൻ വന്ന ശേഷം പതിവായി വീട്ടിൽ നിന്നും വഴക്കും ബഹളവും കേട്ടിരുന്നുവെന്നാണ് വീട്ടുടമ പറയുന്നത്. കുടുംബം കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കളും പറയുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ബന്ധുക്കൾ കൈമാറി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊൻകുന്നം പോലീസ് അറിയിച്ചു.



