“അടുപ്പുകൾക്കിടയിൽ അകലമില്ലായിരുന്നു… എന്റെ വിജീഷയെ കൊന്നത് സുരക്ഷാ വീഴ്ച”…. ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കുടുംബം രംഗത്ത്. മതിയായ സുരക്ഷ ഒരുക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് വിജീഷയുടെ ഭര്‍ത്താവ് ദിനേശ് കുമാര്‍ പറഞ്ഞു. കെടിഡിസിയുടെ ചൈത്രം ഹോട്ടലിന് മുന്നിലായിരുന്നു പൊങ്കാലയിട്ടത്. അവിടെ അകലം പാലിക്കാത്ത നിരവധി അടുപ്പുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.

അപകടത്തിന് പിന്നാലെ പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ നിസ്സഹായരാണെന്നായിരുന്നു പൊലീസിന്റെ മറുപടി. തൊട്ടടുത്ത അടുപ്പിൽ നിന്നും നിശ്ചിത അകലം പാലിച്ചിരുന്നെങ്കില്‍ തീപിടിക്കില്ലായിരുന്നെന്നും വിജിഷയുടെ ദിനേശ് കുമാർ ചൂണ്ടിക്കാണിച്ചു. തീപൊള്ളലേറ്റതോടെ ഭയപ്പെട്ട വിജിഷ തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന സ്ത്രീകളാണ് കയ്യില്‍ ഉണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തീ കെടുത്തിയത്. ഉടന്‍ ആംബുലന്‍സ് എത്തി വിജിഷയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം അപകടവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് പറഞ്ഞു. പൊങ്കാല സമയത്ത് പലപ്പോഴും നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് നമുക്ക് കാണാനാകും. എല്ലാ നിയമവും പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകില്ല, എല്ലാത്തിലും ഇടപെടാന്‍ പൊലീസിനും കഴിയാറില്ല. ഇനി മുതല്‍ രണ്ട് അടുപ്പുകള്‍ തമ്മില്‍ നിശ്ചിത അകലം വേണമെന്ന കര്‍ശന നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും വി വി രാജേഷ് വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു അപകടം ഇനിയൊരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടാകും. വരും വര്‍ഷങ്ങളില്‍ പൊങ്കാലയ്ക്ക് തിരക്ക് കൂടി വരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button