വിധിയിൽ അതിശയമില്ല…സാക്ഷിയ്ക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ. കോടതിവിധിയിൽ അതിശയമില്ലയെന്നും മറിച്ചു വിധി ഉണ്ടായാൽ നല്ലത് എന്നാണ് കരുതിയിരുന്നതെന്നും ജിൻസൺ പറഞ്ഞു. കോടതിയിൽ മൊഴി നൽകുമ്പോൾ അപമാനിക്കുന്ന സാഹചര്യം ഉണ്ടായിയെന്നും സാക്ഷിയ്ക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു. കോടതി വിധി പറഞ്ഞതിൽ കടന്നാക്രമണം നടത്തുന്നത് ശരിയല്ലാത്തത് കൊണ്ട് സംയമനം പാലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താനടക്കമുള്ളവർ ഗൂഢാലോചന നടത്തിയന്ന ദിലീപിന്റെ ആരോപണം തെളിയിക്കട്ടെ. ദിലീപിനെ വെല്ലുവിളിക്കുന്നുവെന്നും ജിൻസൺ വ്യക്തമാക്കി. ഗൂഢാലോചന ഈ കോടതിയിൽ തെളിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. പക്ഷെ മറ്റ് കോടതികളിൽ തെളിയിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും. തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. ഉയർന്ന കോടതികളിലും മൊഴി നൽകും. എന്ത് ഭീഷണിയുണ്ടായാലും മരണം വരെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിന് വില ഇല്ലാതെ വരുമ്പോൾ എന്തിനാണ് വിളിച്ച് പറയുന്നത് എന്ന് തോന്നുമെന്നും ജിൻസൺ പറഞ്ഞു.


