ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായത് , മുഖ്യമന്ത്രി

ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ ഇടപെട്ടത്. ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാവും. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിൽ മുട്ടുമടക്കില്ല. ഏതൊക്കെ കലാകാരന്മാർ വരണം എന്നതിൽ പോലും കേന്ദ്രം കൈകടത്തുന്നുവെന്നും ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഐഎഫ്എഫ്കെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഞങ്ങൾക്ക് ഇഷ്ടമല്ലാത്തത് നിങ്ങൾ കാണേണ്ട എന്നാണ് നിലപാട്. ഞങ്ങൾക്ക് ഇഷ്ടമല്ലാത്തവരുമായി നിങ്ങൾ സഹകരിക്കേണ്ട എന്നാണ് പറയുന്നത്. ലോകത്തിന് മുന്നിൽ രാജ്യത്തെ നാണംകെടുത്തുന്നു. എത്രമാത്രം പരിഹാസ്യമായ നടപടികൾ ആണിത്.
കേന്ദ്ര നടപടികൾക്കെതിരെ പ്രതിഷേധം ഉയരണം. വർഗീയതയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ഇടം വിട്ടുകൊടുക്കാനാവില്ല. അതിൽ സംസ്ഥാന സർക്കാർ ഒപ്പം ഉണ്ടാകും. ഒരുമിച്ചു പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ചലച്ചിത്രമേള മറ്റ് മേളകളിൽ നിന്ന് വ്യത്യസ്തമാണെന്നും സ്വാതന്ത്ര്യവും ജനാതിപത്യ മൂല്യങ്ങളും ഉയർത്തിപിടിച്ചതാണ് മേളയെന്നും പിണറായി വിജയൻ പറഞ്ഞു.



