ഫേസ്ബുക്ക് സംവാദത്തിന് ത്രിൽ ഇല്ല….. നേരിട്ട് വരാൻ മുഖ്യമന്ത്രിക്ക് ഭയമോ?….. പരിഹാസവുമായി വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നേരിട്ടുള്ള സംവാദം നടക്കാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന കാര്യങ്ങളിൽ മുഖാമുഖം സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് കരുതിയതെന്നും ഫേസ്ബുക്ക് വഴിയുള്ള പോരിന് താല്പര്യമില്ലെന്നും പറവൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.

നേരിട്ടുള്ള സംവാദത്തിനല്ല, മറിച്ച് ഫേസ്ബുക്ക് സംവാദത്തിനാണ് ക്ഷണിച്ചതെന്ന മുഖ്യമന്ത്രിയുടെ പുതിയ വിശദീകരണം പരിഹാസ്യമാണെന്ന് സതീശൻ പറഞ്ഞു. സ്ഥലവും സമയവും തീരുമാനിക്കാൻ 24 മണിക്കൂർ നൽകിയിട്ടും മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് സതീശൻ ശക്തമായ മറുപടി നൽകി. ശബരിമലയിൽ സ്വർണ്ണം കട്ടവർ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതെന്ന് ആദ്യം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് കോൺഗ്രസ് കൃത്യമായി പുറത്തുവിടും. ആ കണക്ക് ബോധിപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കല്ല, മറിച്ച് പണം നൽകിയ പൊതുജനത്തിനാണെന്നും വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആർഎ ബിൽ വന്നതോടെ ബിജെപിയുടെ യഥാർത്ഥ മുഖം സഭാ അധ്യക്ഷന്മാർക്ക് ബോധ്യപ്പെട്ടു. ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ആദ്യം കത്തയച്ചത് താനാണെന്നും സതീശൻ അവകാശപ്പെട്ടു.

പറവൂരിൽ നിന്ന് എട്ടു തവണ ജനവിധി തേടിയ താൻ ഇത്തവണ സംസ്ഥാനത്തെ ഉയർന്ന പദവിയിൽ എത്തണമെന്ന് മണ്ഡലത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button