‘വർഗ വഞ്ചനയ്ക്ക് മാപ്പില്ല’; ജി സുധാകരനെതിരെ ജന്മനാട്ടിൽ സിപിഐഎം പ്രകടനം

ആലപ്പുഴ: ജി സുധാകരനെതിരെ ജന്മനാട്ടിൽ സിപിഐഎം പ്രകടനം. ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തു. ഇന്ന് ഉച്ഛയോടെയാണ് താൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ താൻ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പാർട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞു. ‘ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് പാർട്ടിയെ ചതിക്കുകയില്ല. പാർട്ടിയിൽ നിന്ന് മാറികൊടുത്തു. ഞാൻ കാരണം പാർട്ടിക്ക് ഇനി തലവേദനയാകില്ല. അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞതിന് എനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജിൽ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. അത് വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോർട്ടിൽ എന്റെ വാദങ്ങൾ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയിൽ ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്ദരായിരുന്നു. അവർക്ക് കാര്യങ്ങൾ അറിയാം. വിമർശനങ്ങൾക്ക് കീഴടങ്ങില്ല. പാർട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും’: ജി സുധാകരൻ പറഞ്ഞു.
ജി സുധാകരൻ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എൽഡിഎഫിനെ ദുർബലപ്പെടുത്തുന്ന നിലപാടെന്ന് ആർ നാസർ
എംഎൽഎയും മന്ത്രിയുമായി, ഇനി എന്താ അയാൾക്ക് വേണ്ടതെന്നാണ് ചിലർ ചോദിക്കുന്നതെന്നും അത് മാർക്‌സിസ്റ്റ് രീതിയല്ലെന്നും ജി സുധാകരൻ പറഞ്ഞു. മരിക്കുന്നതുവരെ ലെനിൻ റഷ്യയിലെ ഭരണാധികാരിയായിരുന്നുവെന്നും മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാൻ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.



