സിനിമ സംഘടനയിൽ തർക്കം രൂക്ഷം…ആൻ്റണി പെരുമ്പാവൂരിനെതിരെ സുരേഷ് കുമാർ…

തിരുവനന്തപുരം: മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുന്നു. നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ്‌കുമാർ രം​ഗത്തെത്തി. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആൻ്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.
ആന്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ. ഞാൻ ഒരു മണ്ടൻ അല്ല. തമാശ കളിയ്ക്കാൻ അല്ല സംഘടന. എമ്പുരാൻ്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം. ഇപ്പോഴിതാ സുരേഷ് കുമാറിനെതിരെ വന്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്‍റണി പെരുമ്പാവൂര്‍. എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാര്‍ വിമര്‍ശനസ്വരത്തോടെ സംസാരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് ആന്‍റണിയുടെ സുദീര്‍ഘമായ കുറിപ്പ്.

Related Articles

Back to top button