വേടന്റെ പരിപാടി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടില്ല… സംഘാടകർ..

കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വിശദീകരണവുമായി പൊലീസ്. ശാരീരിക അസ്വസ്ഥത നേരിട്ട ആറുപേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. ആറുപേരും ഏറെ വൈകാതെ ആശുപത്രി വിട്ടു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചില മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ വന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും എസ്പി അറിയിച്ചു.
നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സംഘാടകരും വ്യക്തമാക്കി.റെയിൽ പാളം മറികടന്നും, ബീച്ച് വഴിയും ആൾക്കാർ പരിപാടി സ്ഥലത്തേക്ക് കയറി. അത്തരം വഴികൾ അടച്ചിരുന്നു. പൊലീസ് കൃത്യമായി കാര്യങ്ങൾ നിയന്ത്രിച്ചെന്നും ബി.ആർ.ഡി.സി. എം ഡി ഷിജിൻ പറമ്പത്ത് വ്യക്തമാക്കി.
കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. സദസിന് മുൻഭാഗത്തേക്ക് ബാരിക്കേഡ് മറികടന്ന് ആളുകൾ ഇടിച്ചുകയറിയതാണ് തിക്കിനും തിരക്കിനും കാരണം. പരിപാടിക്ക് 25000ത്തിലധികം ആളുകൾ എത്തിയെന്നാണ് പൊലീസിന്റെ അനൗദ്യോഗിക കണക്ക്. അതിനിടെ ഫെസ്റ്റിൽ പങ്കെടുക്കാനായി റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഇരുപതുകാരൻ ട്രെയിൻ തട്ടി മരിച്ചു.പൊയിനാച്ചി സ്വദേശിയായ ശിവാനന്ദാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.




