അവകാശികളില്ലാതെ സംസ്ഥാനത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 2133.72 കോടിരൂപ; മുന്നിലുള്ളത് ഈ ജില്ല

അവകാശികളില്ലാതെ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കിടക്കുന്നത് 2133.72 കോടിരൂപ. അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ കണക്കിൽ മുന്നിലുള്ളത് എറണാകുളമാണ്. 307.69 കോടി രൂപയാണ് ജില്ലയിൽ അവകാശികളെ കാത്ത് കിടക്കുന്നത്. എറണാകുളത്തിന് പിന്നിലായി തിരുവനന്തപുരവും തൃശൂരുമുണ്ട്. തിരുവനന്തപുരത്ത് 266.30 കോടി രൂപയും തൃശൂരിൽ 241.27 കോടി രൂപയുമാണ് അവകാശികളെ കാത്ത് കിടക്കുന്നത്. സംസ്ഥാനത്തെ 938027 അക്കൗണ്ടുകളിലായാണ് 2133.72 കോടി രൂപ കിടക്കുന്നത്.
അവകാശികളില്ലാതെ 10 വർഷത്തിലേറെയായി ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായി 2023 ഏപ്രിലിൽ റിസർവ് ബാങ്ക് കേന്ദ്രീകൃത പോർട്ടൽ തുടങ്ങിയിരുന്നു. അതിനിടെ സംസ്ഥാനത്തെ ആറ് ജില്ലകളിലെ അവകാശികളെ കണ്ടെത്താനായി നവംബർ മൂന്നിന് ക്യാമ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ലീഡ് ബാങ്ക്. മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നവംബർ മൂന്നിന് ലീഡ് ബാങ്കുകളുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുന്നത്.
ബാങ്ക് വെബ്‌സൈറ്റ് വഴിയോ ആർബിഐയുടെ ‘ഉദ്ഗം’ പേർട്ടൽ വഴിയോ ഇത്തരത്തിൽ നിക്ഷേപങ്ങൾ ബാങ്കുകളിലുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും. വിവിധ ബാങ്കുകളിൽ ഇത്തരത്തിൽ അവകാശികൾ ഇല്ലാതെ കിടക്കുന്ന സമ്പാദ്യം നിശ്ചിത സമയം കഴിഞ്ഞാൽ റിസർവ് ബാങ്കിന്റെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (ഡിഎംഇ) ഫണ്ടിലേക്ക് മാറ്റാറാണ് ഉള്ളത്. കൃത്യമായ രേഖകൾ ഹാജരാക്കിയാൽ ഈ അസ്തികകൾ വീണ്ടെടുക്കാം.



