മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ട് ; വി.ഡി. സതീശനെ പിന്തുണച്ച്പി.ജെ. കുര്യന്‍

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുതിർന്ന നേതാവ് പി ജെ കുര്യൻ. താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസൻ ആളുകൾ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കും. 50 സീറ്റുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ നീക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍ തെരഞ്ഞെടുപ്പിൽ ഭാഷയും സൗന്ദര്യവും മാനദണ്ഡമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസംമാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ ത്യാഗികൾ ഇല്ലെന്നും എന്നാൽ തനിക്ക് ത്യാഗിയാകാനും പറ്റുമെന്നും വിഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ നിന്ന് ഒരു വിഭാഗം മുതിർന്ന നേതാക്കൾ റിട്ടയർ ചെയ്യേണ്ടി വരും. 10 വർഷം കഴിയുമ്പോള്‍ താനും റിട്ടയർമെന്‍റിനെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിഡി സതീശൻ പറഞ്ഞു.




