പള്ളിയുടെ വാതിൽ കത്തിച്ച് ദ്വാരമുണ്ടാക്കി….കോട്ടയം പാമ്പാടി ചെവിക്കുന്നേൽ സെൻ്റ്. ജോൺസ് പള്ളിയുടെ ….
പാമ്പാടി ആലാമ്പള്ളി ചെവിക്കുന്നേൽ സെൻ്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. പള്ളിയുടെ വാതിലിൻ്റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയിരിക്കുന്നത്. പള്ളിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നിന്നും പാൻസും ഷർട്ടും ധരിച്ച മധ്യവയസ്ക്കനായ ഒരാൾ കവർച്ച ശ്രമം നടത്തുന്നത് വ്യക്തമായിട്ടുണ്ട്. ദേവാലയത്തിനുള്ളിലെ പ്രധാന ഭണ്ഡാരത്തിൻ്റെ താഴ് തകർത്ത് മോഷ്ടാവ് പണവും കവർന്നു.
മൂന്നുമാസമായി ഭണ്ഡാരത്തിലെ നേർച്ചയായി ലഭിച്ച ഏകദേശം 12,000 രൂപയോളം നഷ്ടമായതായി സംശയിക്കുന്നതായി അധികൃതർ എസിവി ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ചയായതിനാൽ കുർബ്ബാനയ്ക്കായി ഇന്നു രാവിലെ പള്ളി അധികൃതർ സ്ഥലത്ത് എത്തിയ്‌പ്പോഴാണ് കതക് കത്തിച്ച് മോഷണം നടത്തിയത് കണ്ടെത്തിയത്.
തീ കത്തിച്ച ശേഷം വെള്ളം ഒഴിച്ച് അണക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ബക്കറ്റ് അടക്കമുള്ള വസ്തുക്കളും സമീപം ഉണ്ട്. ശനിയാഴ്ച രാത്രി 11.30 നും 1.30 ഇടയിലാണ് മോഷണം നടന്നിരിക്കുന്നത് എന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പാമ്പാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പോലീസ് നായ പൊത്തൻപുറം കവല വരെ ഓടി വന്നു. മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്.