മകനെ കാണാൻ വീട്ടുകാർ പോയി.. മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് മുക്കുപണ്ടങ്ങൾ

മകനെ കാണാൻ വീട്ടുകാർ പോയ തക്കത്തിന് മോഷണം. കള്ളൻ കൊണ്ടുപോയത് മുക്കുപണ്ടങ്ങൾ. വീടിന്റെ വാതിൽ കുത്തിതുറന്ന് മോഷണം. പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപത്ത് താമസിക്കുന്ന അതിനിയിൽ പുതിയ മാളിയേക്കൽ വീട്ടിൽ മുഹമ്മദ് കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വെള്ളിയാഴ്ച മകൻ ജോലി ചെയ്യുന്ന കോഴിക്കോട്ടേക്ക് പോയ ശേഷമാണ് സംഭവം. ഞായറാഴ്ചയാണ് മോഷണവിവരം അറിഞ്ഞത്. അയൽവാസിയാണ് മോഷണം നടന്നതായി മുഹമ്മദ് കോയയെ അറിയിച്ചത്. ഉടൻ കോഴിക്കോട്ട് നിന്നും കുടുംബം വീട്ടിലേക്ക് എത്തുകയായിരുന്നു. ആൾ താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയാണ് കള്ളൻ മോഷ്ടിക്കാൻ കയറിയിരിക്കുന്നത്.

ലോക്കുള്ള ഭാഗത്ത് ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ച് മഴുകൊണ്ട് വാതിൽ കുത്തി തുറന്ന നിലയിലാണ് വാതിലുണ്ടായിരുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടില്ലെങ്കിലും കമ്മൽ, മാല എന്നീ മുക്കുപണ്ടങ്ങൾ മോഷ്ടാവ് കൊണ്ടുപോയി. സ്വർണ്ണമാണെന്ന് കരുതിയാണ് മോഷ്ടാവ് ഇവയെല്ലാം മോഷ്ടിച്ചിരിക്കുന്നത്. അലമാരയിലെയും മറ്റും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മേലാറ്റുർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംശയാസ്പദമായി തോന്നിയവരെയെല്ലാം ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും സിസിടിവി പരിശോധിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button