നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം

കായംകുളം: നഗരസഭാ ഓഫീസിൽ രാത്രിയിൽ അതിക്രമിച്ചു കയറി ഫയലുകൾ പരിശോധിച്ചതായി സംശയം. എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ മുറിയുടെ പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. സംഭവത്തിൽ നഗരസഭാ സെക്രട്ടറി കായംകുളം പൊലീസിൽ പരാതി നൽകി. ചെയർമാന്റെ മുറിയിലും ആരോ കയറി ഫയലുകൾ പരിശോധിച്ചതായി സംശയിക്കുന്നുണ്ട്. സിസിടിവി ക്യാമറകൾ ഓഫാക്കിയാണ് സാമൂഹ്യ വിരുദ്ധർ അകത്തുകയറിയത്. ക്യാമറ ദൃശ്യങ്ങളിലെ തീയതിയും സമയവും മാറ്റിയിട്ടുണ്ട്. ഇത് കമ്പ്യൂട്ടർ മേഖലയിൽ പ്രാവീണ്യമുള്ളവരാണ് കൃത്യത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്നു. ഏതെങ്കിലും രഹസ്യ ഫയൽ അന്വേഷിച്ചാകാം ഇവർ എത്തിയതെന്നാണ് നിഗമനം. രാവിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ എത്തിയപ്പോഴാണ് പൂട്ടുപൊളിച്ച വിവരം അറിയുന്നത്. നഗരസഭയിൽ നൈറ്റ് വാച്ചർ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നത് ദുരൂഹത വർധിപ്പിക്കുന്നു. സിസിടിവി പ്രവർത്തനം പരിശോധിച്ച് രേഖകൾ കൈമാറാൻ കെൽട്രോണിനോട് സെക്രട്ടറി ആവശ്യപ്പെട്ടു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



