സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി …ഒടുവിൽ തെളിഞ്ഞത്…
Locals caught the man who was seen in a suspicious situation...it finally became clear...
ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത ബൈപ്പാസില്‍ രാമനാട്ടുകരക്ക് സമീപം ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് ബദറുദ്ദീന്‍ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവിടെ നിരന്തരം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എസ്‌ഐ അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ ജില്ലകളിലായി 17 മോഷണക്കേസുകള്‍ ബദറുദ്ദീന്റെ പേരില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിനും കേസുകളുണ്ട്. ദേഹപരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ ചങ്ങരംകുളത്തെ അതിഥി തൊഴിലാളികളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു.