പൊലീസ് ജീപ്പിന്‍റെ ചില്ല് തകര്‍ത്തു, ശുചിമുറിയിലെ ടൈല്‍ പൊളിച്ചു..എല്ലാം ബാറിലെ അക്രമത്തിന് പിന്നാലെ..

ബാറില്‍ അതിക്രമം നടത്തിയതിന് പിടികൂടിയ യുവാവ് പൊലീസിന് ഉണ്ടാക്കിയത് വന്‍ നാശനഷ്ടം. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടില്‍ മുഹമ്മദ് വാരിസാ(25)ണ് പൊലീസിന് തലവേദന സൃഷ്ടിച്ചത്.

കഴിഞ്ഞ ദിവസം കസബ എസ്‌ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ പാര്‍ക്ക് റസിഡന്‍സി ബാറിന് സമീപം ഒരാള്‍ അക്രമാസക്തനായി പെരുമാറുന്നതായി വിവരം ലഭിച്ചു. ബാറിലെത്തിയ വാരിസ് ഇവിടെ മദ്യപിച്ചിരുന്നവരോട് പ്രശ്‌നമുണ്ടാക്കുകയും ബിയര്‍ബോട്ടിലുകള്‍ എടുത്ത് എറിയുകയും ചെയ്യുകയായിരുന്നു. ഇയാള്‍ നടത്തിയ അതിക്രമത്തില്‍ ബാറിലെ ലിക്വര്‍ വെന്റിംഗ് മെഷീനിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റു. 

ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. അതേസമയം സ്ഥലത്തെത്തിയ പൊലീസ് വാരിസിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്തത്. സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ശുചിമുറിയിലെ ടൈല്‍ പൊട്ടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു

Related Articles

Back to top button