പ്രത്യുൽപ്പാദന പ്രക്രിയയിൽ വിപ്ലവകരമായ മാറ്റത്തിലേക്ക് ലോകം …ഇനി മനുഷ്യക്കുഞ്ഞുങ്ങൾ ലാബിൽ ജനിക്കും…
മൂലകോശത്തിൽ നിന്നും കുഞ്ഞുങ്ങളെ ഉണ്ടാക്കാനാവുന്ന ഇൻ-വിട്രോ ഗമെറ്റോജെനസിസ് വഴി ഇനി പ്രായമായവർക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും സ്വവർഗ പങ്കാളികൾക്കും തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ ലഭിക്കും. ത്വക്ക്, മുടി, രക്തം എന്നിവയിൽ നിന്നുള്ള മൂലകോശങ്ങൾ ഉപയോഗിച്ച് പ്രത്യുൽപ്പാദന ശേഷിയുള്ള അണ്ഡവും ബീജവും ഉണ്ടാക്കുന്നതാണ് ഈ പ്രക്രിയ. ഇവ പിന്നീട് സംയോജിപ്പിച്ച് വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങളെയുണ്ടാക്കും. ഇതിലൂടെ ലാബ് വഴി കുഞ്ഞുങ്ങളുണ്ടാകുന്ന വിപ്ലവകരമായ മാറ്റത്തിനാണ് മനുഷ്യകുലം സാക്ഷ്യം വഹിക്കുന്നത്.
ജപ്പാനിലെ ക്യൂഷു സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇതിനകം തന്നെ എലികൾക്ക് ഈ നിലയിൽ ജന്മം നൽകി. മൂലകോശത്തിൽ നിന്ന് അണ്ഡവും ബീജവും നിർമ്മിച്ച ശേഷമായിരുന്നു ഇത്. യുകെയിലെ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോ അതോറിറ്റി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ രീതിയിൽ മനുഷ്യ കുഞ്ഞിനെ ജനിപ്പിക്കുമെന്ന് പറയുന്നു. എന്നാൽ ഇന്ത്യയിൽ ഐവിഎഫ് വിദഗ്ദ്ധർ ഇക്കാര്യത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്..