‘ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി..അങ്ങനെയുള്ള ഭാരതാംബ സങ്കല്‍പ്പത്തെ അംഗീകരിക്കാനാകില്ല’..

ഭാരതാംബ സങ്കല്‍പ്പത്തെ ചൊല്ലിയുള്ള രാഷ്ട്രീയപോര് ശക്തമാകുന്നതിനിടെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസിന്‌റെ സങ്കല്‍പ്പത്തിലെ ഭാരതാംബയുടെ കൈയ്യിലുള്ളത് ഇന്ത്യന്‍ പതാക അല്ല. സിംഹത്തിന്‌റെ പുറത്തുള്ള സ്ത്രീയാണത്. ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം, അങ്ങനെയുള്ള ഭാരതാംബ സങ്കല്‍പ്പത്തെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആ ഭാരതാംബ തന്നെ വേണമെന്ന് ശാഠ്യം പിടിക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസിന്‌റെ ഭാരതാംബ സങ്കല്‍പ്പത്തെ വണങ്ങാത്തതിനെ കൊണ്ടാണ് ഗവര്‍ണര്‍ ജൂണ്‍ അഞ്ചിനെ അവഗണിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഐവൈഎഫ് ഭഗത് സിംഗിന്റെ പിന്തുടര്‍ച്ചക്കാരാണ്. ഭാരതാംബ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ആര്‍എസ്എസ് പിന്തിരിപ്പിന്റെ പ്രതീകമാണ്. ഹിറ്റ്‌ലര്‍ ഭരിച്ച ജര്‍മനിയെ കണ്ട് പഠിക്കണമെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. അതുകണ്ട് പഠിക്കല്‍ കമ്മ്യൂണിസ്റ്റ് വഴിയല്ല. ഇത് ഇന്ത്യയുടെ പാഠമല്ലെന്നും ആ പാഠങ്ങള്‍ ആര്‍എസ്എസ് പഠിച്ചാല്‍ മതിയെന്നും ആര്‍എസ്എസിന് പ്രത്യേക നിറത്തിലുള്ള ഭാരതാംബ ആകാം എന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

ഭാരതാംബയെ മാനിക്കുന്നു എന്നും ത്രിവര്‍ണ്ണ കൊടിയാണ് തങ്ങളുടെ ആവേശമെന്നും അതു പറയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മടിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യന്‍ പതാകയാണ് മാതാവ്. അതിനെ ചൂണ്ടി ഭാരത് മാതാ കീ ജയ് എന്ന് ഞങ്ങള്‍ വീണ്ടും വിളിക്കും. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നിങ്ങൾ നിങ്ങള്‍ക്ക് തന്നെ ജയ് വിളിക്കുകയാണെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ടെന്നും ഭാരതീയരാണ് ഭാരതമെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ആ ഇന്ത്യന്‍ പതാകയെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കും എന്നും ബിനോയ് വിശ്വം പറഞ്ഞു.

ഭാരത മാതാവിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ആര് ശ്രമിച്ചാലും വിപ്ലവകാരികള്‍ക്ക് ദേശീയ പതാകയാണ് മാതാവ്. ഗവര്‍ണര്‍ ചരിത്രം വായിക്കണം. സ്വാതന്ത്ര്യ സമരത്തിന് വരാത്ത ഒരു കൂട്ടരുണ്ട്. അവരാണ് ആര്‍ എസ് എസ്. ഒരു സമരത്തിലും കാണാത്തവരാണ് ദേശീയ സ്‌നേഹത്തിന്റെ പടികള്‍ കയറി എന്ന് പറയുന്നത്. ഏതു പടികളാണ് ബിജെപിയും ആര്‍എസ്എസും കയറിയതെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഭാരതമാതാ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഇക്കാര്യത്തില്‍ സിപിഐഎമ്മിനും സിപിഐക്കും രണ്ട് അഭിപ്രായമില്ല. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരേ നിലപാടാണ് ഉള്ളതെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. അതേസമയം ബിനോയ് വിശ്വത്തെ മാറ്റണമെന്ന ശബ്ദസന്ദേശത്തിലും അദ്ദേഹം പ്രതികരിച്ചു. താന്‍ അറിയുന്ന കമലാ സദാനന്ദനും ദിനകരനും തന്നെ മാറ്റണമെന്ന് പറയില്ലെന്നും സിപിഐയുടെ രാഷ്ട്രീയ ചിട്ടവട്ടങ്ങള്‍ അവര്‍ക്കറിയാം എന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ആളു മാറിയതാകാം എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Related Articles

Back to top button