യുദ്ധം മുറുകുന്നു… ഫുജൈറയിൽ ഡ്രോൺ ആക്രമണം… ഇറാനെ തകർക്കാൻ യുഎസ് നീക്കം… തിരിച്ചടിക്കുമെന്ന് ഇറാൻ
വാഷിങ്ടൻ: യുഎഇയിൽ ഇറാൻ ആക്രമണം. ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി സോണിലാണ് ആക്രമണം. വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആർക്കും പരിക്കില്ല. തീ നിയന്ത്രണവിധേയമെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതൽ സൈനികരെ അയച്ചു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 മറീനുകൾ പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് യാത്ര. പ്രതിസന്ധിയുണ്ടായാൽ ഉടനടി പ്രതികരിക്കാനോ, ഇറാന്റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കാനോ ഈ സൈനികരെ വിന്യസിച്ചേക്കാം. മറീനുകൾ കരയിലും കടലിലും പോരാടാൻ വൈദഗ്ധ്യമുള്ളവരാണെങ്കിലും ഇറാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ ‘കരസേനാ വിഭാഗം’ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. സൈനിക ശേഷി അമേരിക്ക വർധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ് സൈനിക വിദഗ്ധരുടെ നിരീക്ഷണം.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുഎസ് നീക്കം. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ അടുത്തതായി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിയൻ എണ്ണക്കയറ്റുമതി മേഖലയുടെ ഹൃദയമാണ് ഈ ചെറു പവിഴപ്പുറ്റ് ദ്വീപ്. പേർഷ്യൻ ഗൾഫ് കടലിൽ ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. 8 കിലോമീറ്റർ നീളവും 5 കിലോമീറ്ററോളം വീതിയും മാത്രമാണ് ഈ ദ്വീപിനുള്ളത്.
ഇറാനിലെ എണ്ണ ഉൽപ്പാദന നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്കയുമായി ബന്ധമുള്ള എണ്ണ ഉൽപ്പാദന നിലയങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ, പശ്ചിമേഷ്യയിൽ യുഎസിന് ഓഹരി പങ്കാളിത്തമുള്ളതോ യുഎസുമായി സഹകരിക്കുന്നതോ ആയ എണ്ണക്കമ്പനികളുടെ എല്ലാ സന്നാഹങ്ങളും തകർത്ത് ചാരമാക്കുമെന്ന് വക്താവ് പറഞ്ഞു.



