കൂറുമാറ്റ നിരോധനനിയമം ബാധകമല്ല, ഉപരാഷ്ട്രപതി വോട്ടെടുപ്പ് ഇങ്ങനെ; ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് മലയാളി…

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഭരണ പ്രതിപക്ഷ മുന്നണികള്‍. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വഴിയാണ്. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമ പരിധിയില്‍ വരില്ല. അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അടര്‍ത്തിമാറ്റാനും സ്വന്തം വോട്ടുകള്‍ ചോര്‍ന്നുപോകാതെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള പ്രയത്നത്തിലാണ് മുന്നണികള്‍.

കഴിഞ്ഞ തവണ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറിന് പ്രതിപക്ഷത്തു നിന്നും വോട്ടു ലഭിച്ചിരുന്നു. 1992ന് ശേഷം ആദ്യമായി ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം നേടി ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധന്‍കര്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളിന്റെയും (ബിജെഡി) വോട്ടുകളും ധന്‍കറിന് ലഭിച്ചിരുന്നു. ഏകദേശം 75 ശതമാനം വോട്ടുകള്‍ ധന്‍കറിന് ലഭിച്ചിരുന്നു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് രാജിവെച്ച മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ധന്‍കര്‍. ആര്‍ വെങ്കിട്ടരാമനും വി വി ഗിരിയുമാണ് മുമ്പ് രാജിവെച്ചവര്‍.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുമ്പ് നാലു തവണ എതിരില്ലാതെയാണ് ഉപരാഷ്ട്രപതിമാരെ തെരഞ്ഞെടുത്തിട്ടുള്ളത്. ആദ്യത്തെ ഉപരാഷ്ട്രപതിയായ എസ് രാധാകൃഷ്ണന്‍ 1952 ലും 1957 ലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1979 ല്‍ മുഹമ്മദ് ഹിദായത്തുള്ളയും 1987 ല്‍ ശങ്കര്‍ ദയാല്‍ ശര്‍മ്മയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതുവരെയുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചത് മലയാളിയായ കെ ആര്‍ നാരായണനാണ്. 1992 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 711 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 700 വോട്ടും ലഭിച്ചത് കെ ആര്‍ നാരായണനായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ കാക ജോഗീന്ദറിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. 10 വോട്ടുകള്‍ അന്ന് അസാധുവായി.

Back to top button