എംഡിഎംഎ കേസിലെ മൂന്നാമനും പിടിയില്‍…പ്രതികളുമൊത്തുള്ള തെളിവെടുപ്പ് നിര്‍ണായകമായി…

കുന്ദമംഗലം കാരന്തൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നും 221.89 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ മൂന്നാമത്തെ പ്രതിയും പിടിയിലായി. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂഴിക്കുത്ത് വീട്ടില്‍ മുഹമ്മദ് ഷമീലി(24)നെയാണ് കുന്ദമംഗലം പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ ജനുവരി 21ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമില്‍(27), കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി ശിവഗംഗയില്‍ അഭിനവ്(24) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇവരുമായി ബംഗളൂരുവില്‍ തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ പ്രതികള്‍ താമസിച്ച ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൂട്ടുപ്രതി മുഹമ്മദ് ഷമീലിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഹമ്മദ് ഷമീലിന്റെ മൊബൈല്‍ ലൊക്കേഷന്‍ മൈസൂരുവിലാണെന്ന് മനസിലാക്കിയ പൊലീസ് അവിടേക്ക് തിരിക്കുകയായിരുന്നു. 

മൈസൂരുവിലെ വൃന്ദാവന്‍ ഗാര്‍ഡനു സമീപത്തെ ഹോട്ടലിനടുത്തു നിന്നാണ് ഷമീലിനെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ നിതിന്‍, എസ്‌സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂര്‍ എന്നിവരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ നിന്നും എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ച് നല്‍കുന്ന കണ്ണികളില്‍പ്പെട്ടവരാണ് പിടിയിലായ മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഷമീലിനെ റിമാന്റ് ചെയ്തു.

Related Articles

Back to top button