കള്ളന്റെ ‘മനംമാറ്റം’…. മോഷ്ടിച്ച പത്തുപവനും പണവും കിണറ്റിൻകരയിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്: മോഷണം പോയ മുതൽ ഉടമയ്ക്ക് തിരികെ നൽകി കള്ളന്റെ മാതൃക. തരൂർ പഴമ്പാലക്കോട് ചേരിക്കൽ പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട 10 പവൻ സ്വർണ്ണവും 90,000 രൂപയുമാണ് അപ്രതീക്ഷിതമായി തിരികെ ലഭിച്ചത്. വീടിന്റെ മുറ്റത്തെ കിണറ്റിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു മോഷണവസ്തുക്കൾ.

കഴിഞ്ഞ മാർച്ച് 31-നായിരുന്നു ജോയിയുടെ വീട്ടിൽ വൻ മോഷണം നടന്നത്. പള്ളിയിൽ പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവരാൻ ജോയി വീട് പൂട്ടി പോയ തക്കം നോക്കിയായിരുന്നു മോഷണം. വീട്ടുകാരുടെ കൃത്യമായ സമയവിവരങ്ങൾ അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.

വീട്ടുമുറ്റത്തെ കിണറ്റിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു പേപ്പർ ബോക്സ് ഇരിക്കുന്നത് കണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട സ്വർണ്ണവും പണവും കണ്ടെത്തിയത്. ഉടൻ തന്നെ ആലത്തൂർ പോലീസിൽ വിവരമറിയിച്ചു. വീട്ടുകാർ ബോക്സ് തുറന്നു പരിശോധിച്ചതിനാൽ വിരലടയാള വിദഗ്ധർക്ക് തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല എന്നത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്.

പോലീസ് കസ്റ്റഡിയിലെടുത്ത തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കും. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതി വഴി സ്വർണ്ണവും പണവും ഉടമയ്ക്ക് വിട്ടുനൽകും. കള്ളന് മാനസാന്തരം വന്നതാണോ അതോ പോലീസ് അന്വേഷണം മുറുകിയതിലെ ഭയമാണോ മടക്കി നൽകാൻ കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button