ആലപ്പുഴയിലെ ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മറ്റൊരു കേസില്‍ പിടിയിലായി…പിടിയിലായ പ്രതി…

ആലപ്പുഴ: നെടുമ്പ്രം പുത്തന്‍കാവ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മറ്റൊരു കേസില്‍ പുന്നപ്രയില്‍ പിടിയിലായി. ആലപ്പുഴ തലവടി വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടി മത്തായി( വാവച്ചന്‍-60) ആണ് അറസ്റ്റിലായത്.
നവംബര്‍ 30ന് പുലര്‍ച്ചെ ആയിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപയാണ് വാവച്ചന്‍ കവര്‍ന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ പ്രതിയെ പൊലീസിന് മനസിലായിരുന്നു. അതിനിടെ പുന്നപ്ര അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് മാത്തുക്കുട്ടി പുന്നപ്ര പൊലീസിന്റെ പിടിയിലായി. ഈ വിവരം അറിഞ്ഞ പുളിക്കീഴ് പൊലീസ് പുന്നപ്ര സ്റ്റേഷനിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി നെടുമ്പ്രം ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുത്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ് വാവച്ചന്‍. അതിനാല്‍ പിടികൂടുക പ്രയാസമാണ്. കവര്‍ച്ചയ്ക്ക് ശേഷം പണവുമായി മാഹിയിലേക്ക് കടക്കും. അവിടെ ആര്‍ഭാട ജീവിതം നയിക്കുകയാണ് വാവച്ചന്റെ ശീലം. കയ്യിലെ പണം തീര്‍ന്നാല്‍ വീണ്ടും മോഷണത്തിനെത്തും കേരളത്തിലേക്ക്.

Related Articles

Back to top button