മോഷ്ടിക്കാൻ കയറുമ്പോൾ ധൈര്യത്തിനായി മദ്യപിച്ചു; രക്ഷപ്പെടാൻ മറന്നു, വീട് തുറന്ന വീട്ടുകാർ കാണുന്നത് …..

മോഷ്ടിക്കാൻ കയറുമ്പോൾ ധൈര്യത്തിനായി മദ്യപിച്ചു. മോഷണം കഴിഞ്ഞ് മേൽക്കൂരയിലേക്ക് പിടിച്ച് കയറാനായില്ല. മുറിയിൽ കിടന്നുറങ്ങി കള്ളൻ. സഹമോഷ്ടാവ് രക്ഷപ്പെട്ടു. രാവിലെ വീട്ടുടമയെ വരവേറ്റത് മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്ന മോഷ്ടാവ്. കർണാടകയിലെ ചിക്കബല്ലാപ്പുർ ജില്ലയിലെ ഗൗരിബിദനൂരിലാണ് സംഭവം.സിനിമക്കഥയെ വെല്ലുന്ന ഒരു മോഷണശ്രമമാണ് ചിക്കബല്ലാപ്പുരിൽ നടന്നത്. മോഷ്ടിക്കാൻ കയറിയ വീട്ടിൽ നിന്ന് രക്ഷപ്പെടാനാവാതെ കള്ളൻ അകത്ത് കിടന്നുറങ്ങി. ഒടുവിൽ വീട്ടുടമസ്ഥൻ വന്ന് വാതിൽ തുറന്നപ്പോഴാണ് കള്ളൻ പിടിയിലായത്. ഞായറാഴ്ചയാണ് മോഷ്ടാവ് പിടിയിലായത്. ഗൗരിബിദനൂരിലെ വ്യാപാരിയായ പ്രേംനാഥിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രേംനാഥും കുടുംബവും ഒരു ചടങ്ങിനായി ഹൈദരാബാദിലേക്ക് പോയിരുന്നു. ഈ തക്കം നോക്കി രണ്ട് കള്ളന്മാർ മോഷണത്തിനെത്തുകയായിരുന്നു.
വീട് പൂട്ടിക്കിടക്കുകയാണെന്ന് ഉറപ്പിച്ച കള്ളന്മാർ, ഗ്യാസ് കട്ടർ ഉപയോഗിച്ച് മേൽക്കൂരയുടെ ഷീറ്റ് മുറിച്ച് അകത്ത് കടന്നു. വീട് മുഴുവൻ അരിച്ചുപെറുക്കിയ ഇവർക്ക് 5000 രൂപയും കുറച്ച് സ്വർണാഭരണങ്ങളും കിട്ടി. ഇത് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.ഒരാൾ മേൽക്കൂരയിലെ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, ചില നാട്ടുകാർ വീടിന് മുന്നിൽ ടോർച്ചുമായി നിൽക്കുന്നത് കണ്ടു. ഇതോടെ അയാൾ തന്ത്രപരമായി അവിടെനിന്ന് രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്നയാൾക്ക് സൂചനയും നൽകി. എന്നാൽ നന്നായി മദ്യപിച്ചിരുന്ന രണ്ടാമത്തെയാൾക്ക് മേൽക്കൂര വഴി മുകളിലേക്ക് കയറി രക്ഷപ്പെടാനായില്ല. പുറത്ത് ആളനക്കം കേട്ടതും മദ്യലഹരി കൂടിയതും കാരണം എന്തുചെയ്യണമെന്നറിയാതെ മോഷ്ടാവ് കുഴങ്ങി.
ഒടുവിൽ രക്ഷപ്പെടാൻ മറ്റു വഴികളില്ലെന്ന് കണ്ടതോടെ കള്ളൻ വീടിനകത്ത് നിലത്ത് കിടന്നുറങ്ങി. ഇതിനിടെ മേൽക്കൂരയിൽ ആളനക്കം കേട്ട നാട്ടുകാർ പ്രേംനാഥിനെ വിവരമറിയിച്ചു. അവർ മേൽക്കൂരയിലെ ദ്വാരം അടച്ച് വീടിന് കാവലിരുന്നു. വിവരമറിഞ്ഞ് രാത്രി തന്നെ ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട പ്രേംനാഥ് രാവിലെ വീട്ടിലെത്തി വാതിൽ തുറന്നു. അപ്പോൾ കണ്ടത് അകത്ത് കൂർക്കം വലിച്ചുറങ്ങുന്ന കള്ളനെയാണ്. നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കള്ളനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ 5000 രൂപ മോഷ്ടിച്ചതായി സമ്മതിച്ചു. കൂടെയുണ്ടായിരുന്ന കൂട്ടാളിയുടെ ഫോൺ നമ്പറും വിലാസവും പോലീസിന് നൽകുകയും ചെയ്തു.



