തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ, ഇനിയും അറസ്റ്റുകൾ ഉണ്ടാകും

ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സുതാര്യവുമായ അന്വേഷണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടിയ്ക്ക് യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും പൂർണ സ്വാതന്ത്രത്തോടെയാണ് അന്വേഷണം നടന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതൽ തെളിവുകൾ ലഭ്യമായാൽ അതിനനുസരിച്ച് ഇനിയും അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആറ്റിങ്ങലിലെ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് തന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. തുടർന്ന് ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയശേഷം തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് കൊല്ലത്തെത്തിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. തന്ത്രിയുടെ അറസ്റ്റിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിൽ നിന്ന് എന്തെല്ലാം നഷ്ടപ്പെട്ടുവോ അതിൽ അയ്യപ്പമാർക്ക് ദുഃഖം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങൾ പ്രതികരണം തേടിയ ഘട്ടത്തിൽ അന്വേഷണം കഴിയട്ടെ എന്നായിരുന്നു മന്ത്രി വി എൻ വാസവൻ പ്രതികരിച്ചത്. എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും. തന്ത്രി അറസ്റ്റിക്കായതുമായി ബന്ധപ്പെട്ട പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടായാൽ അപ്പോൾ പറയാമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.




