സസ്പെൻസ് അവസാനിച്ചു… താനൂരിൽ സമീർ, വള്ളിക്കുന്നിൽ മുസ്തഫ, കാസർകോട് ഷാനവാസ്… എൽ.ഡി.എഫ് പട്ടിക റെഡി

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി എൽഡിഎഫ്. താനൂർ, വള്ളിക്കുന്ന്, കാസർകോട് തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു പ്രഖ്യാപനം നടത്താനുണ്ടായിരുന്നത്. ഇവിടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ വളളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. സി പി മുസ്തഫയാണ് ജനവിധി തേടുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എല്‍ഡിഎഫ് നേതാക്കള്‍ റിയാസുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സിപിഐഎമ്മിലെ സുഹൃത്തുകളാണ് തന്നെ ബന്ധപ്പെട്ടതെന്നും അവരോട് നന്ദിപറഞ്ഞ് ആ ക്ഷണം നിഷേധിച്ചെന്നും റിയാസ് മുക്കോളി മാധ്യമങ്ങളോട് പ്രതികരിച്ചു.

താനൂരില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീര്‍ മത്സരിക്കും. കാസര്‍കോട് ഐഎന്‍എല്‍ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി ഷാനവാസ് പാദൂരാണ് മത്സരിക്കുന്നത്. മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് എല്‍ഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കി. താനൂരിലും വളളിക്കുന്നിലും ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയതോടെ താനൂരില്‍ ഒഴിവുവരികയായിരുന്നു.

തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമനയെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയെ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ അറിയിച്ചു. നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധമുള്ളയാളാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് എൽഡിഎഫ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്. സന്തോഷം നൽകുന്ന നിമിഷങ്ങളാണിതെന്നും എല്ലാവരുടേയും സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒപ്പമുണ്ടാകുമെന്നും സുധീർ കരമന പറഞ്ഞു.

സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും ധാരണയിലെത്തിയാണ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്. പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് സുധീർ കരമനയെ നിശ്ചയിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആന്റണി രാജുവിന് പകരം ഒരു സ്ഥാനാർത്ഥി വരുമ്പോൾ പൊതു സമ്മതനായിരിക്കണമെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്.

Related Articles

Back to top button