പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിജീവിതയുടെ ആരോപണം ഗൗരവമുള്ളത് ; ഭാഗ്യലക്ഷ്മി

പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിജീവിതയുടെ ആരോപണം ഗൗരവമുള്ളതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പരാതിയിൽ എത്രയും വേഗം ശക്തമായ നടപടി എടുക്കുമെന്നാണ് കരുതുന്നതെന്നും, ഒരു സ്ത്രീ പുറത്തേക്ക് വന്നുപറയുമ്പോൾ എന്തുകൊണ്ട് അത് കാര്യമാക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് വേഗം തീരുമാനം ഉണ്ടാവണമെന്നും, എല്ലാ കേസുകളിലും ഒറ്റപ്പെട്ടു പോകുന്നത് സ്ത്രീകളാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
ലൈംഗിക അതിക്രമം നടത്തിയ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയപ്പോൾ നേരിടേണ്ടി വന്നത് നീതി നിഷേധമാണെന്ന് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവം മുഖ്യമന്ത്രിയെ അറിയിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ പോലും ഇട്ടില്ല. ഒരു സ്ത്രീയെ മനസിലാക്കാൻ സിസ്റ്റത്തിന് കഴിയുന്നില്ല. കേസിന്‍റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട്. അധികാരമുള്ള പുരുഷന്മാർക്ക് എന്തും ചെയ്യാൻ കഴിയുന്ന സാഹചര്യം ആണ്. ഇത് തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇവിടെ ഇല്ല. ആരോപണ വിധേയനെ ഔദ്യോഗിക പദവികളിൽ നിന്ന് നീക്കണമെന്ന വ്യവസ്ഥ പോലും പാലിക്കപ്പെട്ടില്ലെന്നും അതിജീവിത കൂട്ടിച്ചേർത്തു.
ഐഎഫ്എഫ്കെയിൽ മലയാള സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികനായ പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ജൂറി അംഗമായിരുന്ന സ്ത്രീയുടെ പരാതി.



