പ്രിൻസിപ്പാളിന്റെ ഗാലറി പരിശോധിച്ച വിദ്യാർത്ഥികൾ ഞെട്ടി…അധ്യാപികമാരുടെയും കുട്ടികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ…

സ്കൂളിലെ വിദ്യാർത്ഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പലിനെ കുന്നംകുളം പൊലീസ് പിടികൂടി. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് അറസ്റ്റിലായത്.
വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.
ഫോൺ ഉപയോഗിക്കുന്നതിനിടെ ഗ്യാലറി പരിശോധിച്ച വിദ്യാർത്ഥിനികൾ സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങൾ കണ്ട് ഞെട്ടി. വിദ്യാർത്ഥിനികൾ വിവരം ഉടൻ മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നൽകിയ പരാതിയെത്തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു.


