മുപ്പതോളം പേരെ കടിച്ച തെരുവ് നായയെ പിടികൂടി…ഒടുവിൽ…
കണ്ണൂർ ചക്കരക്കൽ, അഞ്ചരക്കണ്ടി മേഖലയെ വിറപ്പിച്ച് തെരുവുനായ ആക്രമണം. മുഴപ്പാല ചിറക്കാത്ത് നിന്നാണ് നായയെ പിടികൂടി കൊന്നത്. കുട്ടികളടക്കം മൂപ്പതോളം പേരെ കടിച്ച തെരുവ് നായയെയാണ് പിടികൂടിയത്.
കണ്ണിൽ കണ്ടവരെയെല്ലാം തെരുവുനായ കടിച്ചതിന്റെ ഭീതിയിലാണ് നാട്. ചക്കരക്കൽ, ഇരിവേരി, മുഴപ്പാല, പൊതുവാച്ചേരി അങ്ങനെ കിലോമീറ്ററുകൾ താണ്ടിയെത്തിയായിരുന്നു നായയുടെ ആക്രമണം. അടുക്കളയിലും വരാന്തകളിലും കയറി കടിച്ചു പറിച്ചു. വഴിയേ പോയവരെല്ലാം ഇരയായി. രാവിലെ ആറ് മണി മുതൽ തുടങ്ങി ആക്രമണം.
മുപ്പത്തിമൂന്ന് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചരക്കണ്ടി ആശുപത്രിയിൽ മൂന്ന് പേർ. മൂക്കിന് കടിയേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്കുൾപ്പെടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിലായിട്ടായിരുന്നു ആക്രമണം. അഞ്ചരക്കണ്ടി ചിറക്കാത്ത് എത്തിയപ്പോൾ നാട്ടുകാർ നായയെ അടിച്ചുകൊന്നു. തത്കാലം ആശങ്കയൊഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു. നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് നിഗമനം.