മരത്തിൽ നിന്ന് ചാടിയപ്പോൾ ഉന്നം പിഴച്ച് പാറക്കല്ലിൽ വീണു… ജീവനുവേണ്ടി പിടഞ്ഞ അണ്ണാന്…
മരത്തില്‍ നിന്ന് ചാടിയപ്പോൾ ഉന്നം പിഴച്ച അണ്ണാന് രക്ഷകനായത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ. ചാടിയവഴി നിലത്തുവീണ് പരിക്കേറ്റ് ജീവനുവേണ്ടി പിടഞ്ഞ അണ്ണാനെ സിപിആര്‍ നല്‍കി വനപാലകന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കല്ലാര്‍ സെക്ഷന്‍ ഓഫീസ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ പി എസ് നിഷാദാണ് അണ്ണാന് രക്ഷകനായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ചാട്ടം പിഴച്ച് പാറക്കല്ലില്‍വീണ അണ്ണാനെ അയല്‍വാസിയായ വീട്ടമ്മയാണ് കണ്ടെത്തിയത്. ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അണ്ണാന്‍ അപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ അണ്ണാനെ കൈയിലെടുത്ത് നിഷാദ് നെഞ്ചില്‍ വിരലമര്‍ത്തി സിപിആര്‍ കൊടുത്തു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അണ്ണാന്‍ കണ്ണ് തുറന്നു. ചുറ്റും കൂടി നിന്നവരുടെ മുഖത്ത് നറു പുഞ്ചിരി വിടർന്നു.
അതോടെ എല്ലാവർക്കും ആശ്വാസമായി. തുടര്‍ന്ന് അണ്ണാനെ തൊട്ടടുത്തുള്ള വനം വകുപ്പ് ഓഫീസില്‍ എത്തിച്ച് പരിചരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അണ്ണാന്‍ പഴയപോലെയായി. എങ്കിലും ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ അല്‍പ്പസമയം കൂടി ‘ഒബ്സര്‍വേഷനില്‍’ വെച്ച് രാവിലെ തുറന്നുവിട്ടു. സാറിന്റെ സംയോജിത ഇടപെടലാണ് ഒരു കുഞ്ഞ് ജീവൻ രക്ഷിക്കാൻ ഇടയാക്കിയതെന്ന് ചുറ്റും കൂടിയ ആളുകൾ പറഞ്ഞു.