വേടന്റെയും ഗൗരിലക്ഷ്മിയുടേയും പാട്ട് പഠിപ്പിക്കും; സിലബസിനെതിരെയുള്ള റിപ്പോർട്ട് തള്ളി ബോർഡ് ഓഫ് സ്റ്റഡീസ്..
കാലിക്കറ്റ് സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ പാട്ടും പഠിപ്പിക്കാമെന്ന് ബോർഡ് ഓഫ് സ്റ്റഡീസ്. സിലബസിനെതിരെ ഡോ. എം എം ബഷീർ തയ്യാറാക്കിയ റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസ് തള്ളി.
പുതിയ തലമുറയ്ക്ക് പരിചിതമായ കലാവിഷ്‌കാരങ്ങൾ എന്ന നിലയിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയതെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് നിരീക്ഷിച്ചു. സിലബസിൽ അക്ഷരത്തെറ്റുകളും അവ്യക്തതകളും എവിടെയാണ് ഉള്ളതെന്ന് എം എം ബഷീർ സൂചിപ്പിച്ചിട്ടില്ലെന്നും മലയാളം വിദ്യാർഥികൾക്ക് അപ്രാപ്യമാണ് എന്ന നിഗമനത്തെ പരിഗണിക്കാനാവില്ലെന്നുമാണ് കണ്ടെത്തൽ.
അജിത ഹരേ മാധവയുടെ എട്ടുവരിയുള്ള ആട്ടക്കഥ ഭാഗവും അതിന്റെ ദൃശ്യാവിഷ്‌കാരവും കഠിനമാണെന്ന് പറയുന്നത് യുക്തിസഹമല്ലെന്നും ബോർഡ് ഓഫ് സ്റ്റഡീസ് നിരീക്ഷിച്ചു. വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ പഠിപ്പിക്കുന്നതിൽ പശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് എംഎം ബഷീർ തയ്യാറാക്കിയ റിപ്പോർട്ടിനെ തള്ളിക്കൊണ്ടാണ് ബോർഡ് ഓഫ് സ്റ്റഡീസിന്റെ പ്രതികരണം.
വൈസ് ചാൻസലർ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുൻ മലയാളവിഭാഗം മേധാവി ഡോ. എം.എം. ബഷീർ രണ്ടും പാഠ്യപദ്ധതിയിൽനിന്ന് നീക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ആ ശുപാർശ തള്ളിയാണ് പഠനബോർഡ് തീരുമാനമെടുത്തത്. പാഠപുസ്തകത്തിൽ വേടന്റെയും ഗൗരിയുടെയും രചനകൾ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് അഞ്ച് പരാതികൾ സർവകലാശാലയ്ക്ക് കിട്ടിയിരുന്നു. തുടർന്നാണ് വിസി വിദഗ്ധസമിതിയെ നിയോഗിച്ചത്.