അച്ഛനും അമ്മയ്ക്കും ക്രിസ്മസ് സമ്മാനങ്ങളുമായി വന്ന മകൻ…എൽദോസിൻ്റെ മൃതദേഹം സംസ്‌കരിച്ചു…

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിന് നാടിൻ്റെ യാത്രാമൊഴി. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ക്‌ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. നൂറ് കണക്കിനാളുകളാണ് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചത്. പിന്നീട് പള്ളി സെമിത്തേരിയിൽ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന ഈ 45 കാരൻ ക്രിസ്മസിന് മാതാപിതാക്കൾക്കുള്ള സമ്മാനങ്ങളുമായാണ് ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ഇരുട്ടിൽ കാട്ടാന എൽദോസിനെ ആക്രമിച്ചത്. ചേതനയറ്റ ശരീരമായി സ്വന്തം വീടിൻ്റെ പൂമുഖത്ത് അന്ത്യനിദ്രയിലാണ്ട് കിടന്ന എൽദോസിനെ കണ്ട് മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനാവാതെ നാടൊന്നാകെ സങ്കടക്കടലിൽ ആണ്ടു.




