ഓടയുടെ സ്ലാബ് തകർന്നു…കാൽനട യാത്രക്കാരായ യുവാക്കൾക്ക് പരിക്ക്…

ദേശീയപാതയിൽ കുളത്തൂർ തമ്പുരാൻമുക്കിന് സമീപം ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് രണ്ട് കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാൻ പൊലീസ്. ദേശീയ പാതയിലെ കരാർ സംബന്ധിച്ച വിവരങ്ങളും നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവുമടക്കം പരിശോധിക്കും.

അതേസമയം ഓടയുടെ മേൽമൂടി നിർമ്മാണത്തിന് കരാറെടുത്ത തമിഴ്നാട് സ്വദേശിയായ കരാറുകാരനെതിരെ തുമ്പ പൊലീസ് കേസെടുത്തു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും മൊഴിയെടുക്കുന്നതടക്കം നടപടികൾക്കും ദേശീയപാത അതോറിറ്റിയുടെ സഹകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.

കൂലിപ്പണിക്കാരായ വാമനപുരം ആനച്ചൽ സ്വദേശി രതീഷ് (29), കിളിമാനൂർ പുളിമാത്ത് സ്വദേശി സജി (44) എന്നിവർ കഴിഞ്ഞ പതിനൊന്നിനാണ് ജോലി കഴിഞ്ഞ് സമീപത്തെ എടിഎമ്മിൽ നിന്ന് പണമെടുത്ത് മടങ്ങും വഴി അപകടമുണ്ടായത്. ഓടയ്ക്ക് മുകളിലൂടെ നടന്നുവരുന്നതിനിടെ സ്ലാബ് തകർന്ന് ഇവർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ രതീഷിന്‍റെ ഇടതുകാൽ ഒടിയുകയും സജിയുടെ തലയ്ക്കും ദേഹത്തിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button