സ്ലാബ് തകർന്ന് വയോധിക സെപ്റ്റിക് ടാങ്കിൽ വീണു…വയോധികക്ക്…

തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് തകർന്ന് അകത്തേക്ക് വീണ് വയോധികയ്ക്ക് പരിക്ക്. വാഴമുട്ടം, കുഴിവിളാകം സ്വദേശി സരസ്വതി (73 ) ആണ് വീടിനോട് ചേർന്നുള്ള 20 അടിയോളം താഴ്ച്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണത്. ഉപയോഗിച്ചുകൊണ്ടിരുന്ന ടാങ്കിൽ കഴുത്തറ്റം വെള്ളത്തിൽ താഴ്ന്ന നിലയിലായിരുന്ന ഇവരെ വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് കരയിലേക്ക് കയറ്റിയത്. നാൽപ്പത് വർഷക്കാലം പഴക്കം ചെന്ന ടാങ്ക് ദ്രവിച്ച നിലയിലായിരുന്നു.

വഴി നടന്നുപോകുന്നതിനിടെയാണ് സരസ്വതി കാൽവഴുതി ടാങ്കിന് മുകളിലേക്ക് വീണത്. വീഴ്ചയിൽ ദ്രവിച്ചിരുന്ന സ്ലാബ് പൊട്ടിയതോടെ വെള്ളത്തിലേക്കും വീണു. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ഇവരെ കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടൻ തന്നെ ഒരു ഏണി സംഘടിപ്പിച്ച് ടാങ്കിനോട് ചേർത്ത് വച്ചതോടെ അതിൽ പിടിച്ചാണ് സരസ്വതി നിന്നത്. പിന്നാലെ വിഴിഞ്ഞം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി സന്തോഷ് കുമാർ, ഹരിദാസ്, എന്നീ സേനാംഗങ്ങൾ വെള്ളത്തിൽ ഇറങ്ങിയാണ് ഇവരെ കരയിലേക്ക് കയറ്റിയത്. വീഴ്ചയിൽ കാലിന് ഗുരുതര പരിക്കേറ്റ നിലയിലായിരുന്ന ഇവരെ സേനാംഗങ്ങൾ തന്നെ കുളിപ്പിച്ച് ആംബുലൻസിലേക്കും കയറ്റി. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് സരസ്വതി.

Related Articles

Back to top button