ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം…കരാറുകാരനെതിരെ നടപടി..ഇന്ന് വീണ്ടും തിരച്ചിൽ തുടരും…

ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തിനിടെ പുഴയിലേക്ക് ചാടിയ തമിഴ്‌നാട് സ്വദേശിക്കായി ഇന്നും തിരച്ചില്‍ തുടരും. പാലക്കാട് നിന്ന് എത്തുന്ന സ്‌ക്കൂബ ടീം ആകും തിരച്ചില്‍ നടത്തുക. ഇന്നലെ വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെക്കുകയായിരുന്നു.

മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളികളെ എത്തിച്ച കരാറുകാരനെതിരെ നിയമ നടപടി തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

അപകടത്തില്‍ റെയില്‍വേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ പ്രതികരിച്ചു. ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിക്കാതെ ശുചീകരണ തൊഴിലാളികള്‍ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആര്‍പിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും വിമര്‍ശനമുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളികളായ മൂന്ന് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കവെയായിരുന്നു അപകടം.

Related Articles

Back to top button