ശബരിമല സ്വർണ്ണക്കൊള്ള;  സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാട്, അന്വേഷണത്തിൽ ഭയമില്ല; എം വി  ഗോവിന്ദൻ 

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ ഡിയുടേത് ഉൾപ്പെടെ ഏത് അന്വേഷണവും നടക്കട്ടേയെന്നും ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് തെറ്റിധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വർഷം മുമ്പുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് കോടതി നിർദേശിക്കുന്നത്. അന്വേഷണത്തിൽ സി.പി.ഐ.എമ്മിന് ഭയമില്ല. തന്ത്രി അറസ്റ്റിലായതോടെ ബി.ജെ.പിയുടെ ആവേശം കുറഞ്ഞു. കോൺഗ്രസും ചിത്രത്തിലുണ്ടല്ലോയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

 ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന ആരംഭിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെ വീട്ടിലും ഇഡി സംഘം റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഗോവര്‍ധന്‍റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. 

Related Articles

Back to top button